തീവണ്ടിക്കൂലി: കോഴിക്കോട്ടുനിന്നുള്ള വര്‍ധന അഞ്ചുമുതല്‍ മുപ്പതുരൂപവരെ
കോഴിക്കോട്: തീവണ്ടിയാത്രക്കൂലി കൂട്ടിയതോടെ കോഴിക്കോട്ടുനിന്നുള്ള നിരക്കുകളില്‍ അഞ്ചുമുതല്‍ മുപ്പതുരൂപവരെയുള്ള വര്‍ധന. സാധാരണ യാത്രക്കാര്‍ക്ക് കാര്യമായ ഭാരമുണ്ടാക്കുന്നില്ല ഈ വര്‍ധനയെന്നാണ് വിലയിരുത്തല്‍.
സാധാരണ ടിക്കറ്റുകളില്‍ അഞ്ചുമുതല്‍ പത്തുരൂപവരെയാണ് വര്‍ധന. എ.സി. നിരക്കുകളിലാണ് 25 രൂപയ്ക്കുമുകളില്‍ വര്‍ധനയുള്ളത്. പാസഞ്ചര്‍ വണ്ടികളില്‍ ചുരുങ്ങിയ നിരക്ക് പത്തുരൂപയായും എക്സ്‌പ്രസ് വണ്ടികളില്‍ മുപ്പതുരൂപയായും തുടരും.
കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ പുതുക്കിയ നിരക്കുകളെത്രയെന്ന് പ്രദര്‍ശിപ്പിച്ചിട്ടില്ല. പുതുക്കിയ നിരക്കുകള്‍ക്കനുസരിച്ച് സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തിയതിനാല്‍ ടിക്കറ്റ് കിട്ടുമ്ബോഴേ പുതിയ നിരക്ക് യാത്രക്കാര്‍ അറിയുന്നുള്ളൂ. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചുരൂപയാണ് കൂടിയത്. 130 രൂപയായിരുന്നത് 135 ആയി. സെക്കന്‍ഡ് ക്ലാസ് റിസര്‍വേഷന്‍ ടിക്കറ്റിലും അഞ്ചുരൂപയുടെ വര്‍ധനയേ വന്നിട്ടുള്ളൂ. 250 രൂപയായിരുന്നത് 255 ആയി. ജനശതാബ്ദിക്ക് പത്തുരൂപയുടെ വര്‍ധനയാണുള്ളത്. 180 രൂപയായിരുന്നത് 190 രൂപയായി. എറണാകുളത്തേക്ക് ജനശതാബ്ദിയുടെ നിരക്ക് മാറിയിട്ടില്ല. സെക്കന്‍ഡ് ക്ലാസ് റിസര്‍വേഷന് അഞ്ചുരൂപ കൂടി 145 ആയി. കോയമ്ബത്തൂരിലേക്ക് അഞ്ചുരൂപയും (175) ചെന്നൈയിലേക്ക് 15 രൂപയുമാണ് (400) സെക്കന്‍ഡ് ക്ലാസ് റിസര്‍വേഷന്‍ ടിക്കറ്റിന് വര്‍ധിച്ചത്.
പാസഞ്ചര്‍ വണ്ടികളുടെ നിരക്കില്‍ മിക്ക സ്ഥലങ്ങളിലേക്കും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. കോഴിക്കോട്ടുനിന്ന് കോയമ്ബത്തൂരിലേക്കുള്ള നിരക്ക് 40 രൂപയായിത്തന്നെ തുടരും. എന്നാല്‍, കുറ്റിപ്പുറത്തേക്കുള്ള 15 രൂപ 20 ആയി വര്‍ധിച്ചിട്ടുണ്ട്.
എക്സ്പ്രസ് ടിക്കറ്റുനിരക്കിലും അഞ്ചും പത്തും രൂപയുടെ വ്യത്യാസമാണുള്ളത്. കോഴിക്കോട്ടുനിന്ന് തലശ്ശേരി (40), വടകര (30), തിരൂര്‍ (30) എന്നിവിടങ്ങളിലേക്കുള്ള നിരക്കുകള്‍ മാറിയിട്ടില്ല. കണ്ണൂരിലേക്ക് അഞ്ചുരൂപ കൂടി 50 ആയി. മംഗലാപുരത്തേക്ക് 80-ല്‍നിന്ന് 85 രൂപയായി. എറണാകുളത്തേക്ക് 75 രൂപയെന്ന നിരക്ക് മാറിയിട്ടില്ല. തിരുവനന്തപുരത്തേക്ക് 130-ല്‍നിന്ന് 135 രൂപയായി.
തേഡ് എ.സി: തിരുവനന്തപുരത്തേക്ക് 20 രൂപ കൂടി 695 രൂപയായി. എറണാകുളത്തേക്ക് പത്തുരൂപ കൂടി 505 രൂപയായി. ചെന്നൈയിലേക്ക് 25 രൂപ കൂടി 1045 രൂപയായി.
സെക്കന്‍ഡ് എ.സി: തിരുവനന്തപുരത്തേക്ക് 20 രൂപ കൂടി 985 രൂപയായി. എറണാകുളത്തേക്ക് 15 രൂപ കൂടി 710 രൂപയായി. ചെന്നൈയിലേക്ക് 30 രൂപ കൂടി 1475 രൂപയായി.


0 Comments