മൂത്രാശയരോഗം: അപൂര്‍വ ശസ്ത്രക്രിയ അന്താരാഷ്ട്രതലത്തിലേക്ക്




മൂത്രാശയരോഗം: അപൂര്‍വ ശസ്ത്രക്രിയ അന്താരാഷ്ട്രതലത്തിലേക്ക്


കോഴിക്കോട്: ജന്മനാ ഉണ്ടാകുന്ന മൂത്രാശയരോഗങ്ങളില്‍നിന്ന് വൃക്കയെ കാത്തുസൂക്ഷിക്കാന്‍ വികസിപ്പിച്ച അപൂര്‍വ ശസ്ത്രക്രിയ (യുറീറ്റര്‍ ഓസ്റ്റമി) അന്താരാഷ്ട്രതലത്തിലേക്ക്. ജനുവരി 10 മുതല്‍ മൂന്ന് ദിവസം ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര പീഡിയാട്രിക് യൂറോളജി കോണ്‍ഫറന്‍സില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പലും ശിശുരോഗവിഭാഗം മേധാവിയുമായ ഡോ. പ്രതാപ് സോമനാഥിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ വിഷയം അവതരിപ്പിക്കും. ഇന്ത്യയിലെയും വിദേശത്തെയും വിദഗ്‌ധഡോക്ടര്‍മാര്‍ പങ്കെടുക്കും.
വൃക്കയെ കാത്തുസൂക്ഷിക്കാന്‍
വൃക്കയില്‍നിന്ന് മൂത്രവാഹിനി നാളി (യുറീറ്റര്‍) മൂത്രസഞ്ചിയിലേക്കും തുടര്‍ന്ന് മൂത്രക്കുഴലിലേക്കുമെത്തുന്നു. മൂത്രക്കുഴലിന്റെ തുടക്കത്തില്‍ (ജങ്‌ഷനില്‍) കുട്ടികളില്‍ ജന്മനാ രൂപപ്പെടുന്ന വാല്‍വ് (പാട) മൂത്രക്കുഴലില്‍ തടസ്സം സൃഷ്ടിക്കുന്നതോടെ മൂത്രസഞ്ചി തകരാറിലാകും.
പാടമൂലം മൂത്രം കെട്ടിനില്‍ക്കുന്നത് മൂത്രസഞ്ചിയുടെ ശേഷി കുറയ്ക്കുകയും മര്‍ദം കൂട്ടുകയും ചെയ്യുന്നു. മൂത്രം തിരിച്ച്‌ വൃക്കയിലേക്ക് പോകാനിടയാക്കുന്നതോടെ അണുബാധയ്ക്കും തുടര്‍ന്ന് വൃക്ക കേടാനുമിടയാക്കുന്നു. ഇതിനെ ചെറുക്കാന്‍ ആന്‍റിബയോട്ടിക് കുത്തിവെപ്പും ഡയാലിസിസും വൃക്കമാറ്റിവെക്കലുമെല്ലാം മിക്ക കുട്ടികള്‍ക്കും അനിവാര്യമായി വരുന്നു. പാട നീക്കംചെയ്യുന്ന ശസ്ത്രക്രിയയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ ഇതു രോഗശമനത്തിനുള്ള താത്‌കാലിക ആശ്വാസം മാത്രമാണ്.
യുറീറ്റര്‍ ഓസ്റ്റമി
ജന്മനാ മൂത്രക്കുഴലില്‍ വൈകല്യമുള്ള ശിശുക്കളില്‍ ആദ്യദിവസം തന്നെ യുറീറ്റര്‍ ഓസ്റ്റമി ചെയ്യുന്നത് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമാണെന്ന് ഡോ.പ്രതാപ് സോമനാഥ് പറഞ്ഞു.
നേരിയ നൂലുപോലുള്ള മൂത്രവാഹനി കുഴല്‍ മൂത്രം കെട്ടിനിന്ന് വണ്ണം വച്ച്‌ വലുതാകുന്നു (മെഗാ യുറീറ്റര്‍ ട്യൂബ്). ഇതിന്റെ കൂടിയ നീളം ശസ്തക്രിയയിലൂടെ മുറിച്ചുമാറ്റുന്നു. മൂത്രസഞ്ചിയില്‍ നിന്നുള്ളതും വൃക്കയില്‍ നിന്നുള്ളതുമായ നാളികള്‍ വയറിന്റെ താഴെ ഭാഗത്തായി തുന്നിചേര്‍ത്ത് നാളിയുടെ ഒരു ഭാഗം പുറത്തേക്കിട്ട് മൂത്രം കളഞ്ഞ് രോഗം ഭേദമാക്കുന്നതാണ് യുറീറ്റര്‍ ഓസ്റ്റമി ശസ്ത്രക്രിയ. മൂന്ന് വര്‍ഷം കൊണ്ട് വൃക്കയും മൂത്രസഞ്ചിയും സാധാരണ നിലയിലാവുമെന്നതാണ് ഈ സര്‍ജറിയുടെ പ്രത്യേകത. മെഡിക്കല്‍ കോളേജില്‍ വികസിപ്പിച്ചെടുത്ത നൂതന യുറീറ്റര്‍ ഓസ്റ്റമി ലോകത്തൊരിടത്തും ചെയ്യുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 61 യുറീറ്റര്‍ ഓസ്റ്റമി ശസ്ത്രക്രിയാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയത്. ഐ.എം.സി.എച്ചിലെ പീഡിയാട്രിക് യൂറോളജി ഒ.പി. ആഴ്ചയില്‍ രണ്ടുദിവസമാണുള്ളത്.. ശസ്ത്രക്രിയ എല്ലാ ദിവസവും നടക്കുന്നുണ്ട്.
രാജ്യത്ത് കുട്ടികളിലെ മൂത്രാശയരോഗങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആശുപത്രികളില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയാണ്130 ഓളം കേസുകള്‍. വൃക്കയെ സംരക്ഷിക്കുന്ന യുറീറ്റര്‍ ഓസ്റ്റമി ശസ്ത്രക്രിയക്ക് നാമമാത്രമായ ചെലവെ വരുന്നുള്ളൂ. ഇന്‍ഷൂന്‍സ് സ്‌കീമില്‍ പൂര്‍ണ്ണമായും സൗജന്യമാണ്.
അതേസമയം പല ആശുപത്രികളിലും ലക്ഷങ്ങള്‍ ചെലവ് വരുന്ന ഫീറ്റല്‍ സര്‍ജറിയും (ജനിക്കുന്നതിന് മുമ്ബ് ഗര്‍ഭപാത്രത്തിനകത്ത് കിടക്കുന്ന ശിശുവിന് ഓപ്പറേഷന്‍ ചെയ്യുന്ന രീതി) വൃക്ക മാറ്റിവയ്ക്കലുമാണ് ചെയ്യുന്നത്.

Post a Comment

0 Comments