അലന്റെയും താഹയുടെയും പേരില്‍ ചുമത്തിയ യു എ പി എ ഒഴിവാക്കണമെന്നും അവരെ വിമോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു അമ്മമാരുടെ ഉപവാസം. 2020 ജനുവരി മൂന്നിന് രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചു വരെ. കോഴിക്കോട് സെൻട്രൽ ലൈബ്രറിക്കു മുൻവശം.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുദ്ദേശിച്ചുള്ള കേന്ദ്രത്തിന്റെ നിയമ നിര്‍മാണങ്ങള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരിക്കയാണല്ലോ. കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ ഉറപ്പു നല്‍കിയ 370-ാം വകുപ്പു റദ്ദാക്കല്‍, UAPA - NIA നിയമ ഭേദഗതികള്‍, പൗരത്വ നിയമ ഭേദഗതി എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടും. അവയ്ക്കെതിരെ നിലപാടെടുത്ത ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ യു എ പി എ ചുമത്തി രണ്ടു വിദ്യാര്‍ത്ഥികളെ എന്‍ ഐ എയ്ക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ്. ആ കുട്ടികളോടും അവരുടെ കുടുംബങ്ങളോടും ചെയ്ത പൊറുക്കാനാവാത്ത ക്രൂരതയാണത്. രാഷ്ട്രീയ കിടമത്സരങ്ങളിലോ അധികാരോന്മാദങ്ങളിലോ ബലിയാടുകളാവാനുള്ളതല്ല അലന്റെയും താഹയുടെയും ജീവിതം.
അലനെയും താഹയെയും വിമോചിപ്പിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട്ട് സ്ത്രീകള്‍ സമരരംഗത്തിറങ്ങുന്നു. സംസ്ഥാനത്തെമ്പാടും ഈ പ്രതിഷേധം അലകളുയര്‍ത്തട്ടെ.
0 Comments