പൊതുഇടങ്ങള്‍ എന്നും എപ്പോഴും ഞങ്ങളുടേത്;നഗരത്തിലൂടെ രാത്രിയാത്രയുമായി സ്ത്രീകളുടെ സംഘം




പൊതുഇടങ്ങള്‍ എന്നും എപ്പോഴും ഞങ്ങളുടേത്;നഗരത്തിലൂടെ രാത്രിയാത്രയുമായി സ്ത്രീകളുടെ സംഘം



കോഴിക്കോട്: പൊതുഇടങ്ങള്‍ എന്നും എപ്പോഴും തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച്‌ ഇരുട്ട്്‌ വീണവഴികളിലൂടെ അവര്‍ നടന്നു നീങ്ങി. ഏത് അസമയത്തും സ്ത്രീകള്‍ക്ക് സധൈര്യം മുന്നോട്ട് നടക്കാന്‍ കഴിയണമെന്ന ആവശ്യവുമായാണ് പത്തംഗസംഘം മിഠായിത്തെരുവില്‍നിന്ന് രാത്രിയാത്ര തുടങ്ങിയത്. പോലീസിനെ മുന്‍കൂട്ടി അറിയിക്കാതെയാണ് ബുധനാഴ്ച രാത്രി 11-ന് യാത്ര തുടങ്ങിയത്. എന്നാല്‍ സുഖപ്രദമായ നഗരവീഥികളായിരുന്നില്ല. ചില യുവാക്കള്‍ ബൈക്കില്‍ പിറകെയെത്തി. അശ്ലീല സംസാരങ്ങളും വഴിതടയലുമുണ്ടായി.
''ജോലിയുടെ ആവശ്യത്തിനായി പലപ്പോഴും രാത്രിയില്‍ യാത്രചെയ്യേണ്ടി വന്നിട്ടുണ്ട്. ദുരനുഭവങ്ങളും ഒരുപാട് നേരിട്ടിട്ടുണ്ട്. ഇനിയുള്ള യാത്രകളിലെങ്കിലും അത്തരം അനുഭവങ്ങള്‍ ഇല്ലാതാകണം. പോലീസിനെ മുന്‍കൂട്ടി അറിയിച്ചിട്ട് എപ്പോഴും യാത്രചെയ്യാന്‍ പറ്റില്ല. അവശ്യഘട്ടങ്ങളില്‍ മാത്രമേ പോലീസ് സഹായം തേടാന്‍ പാടുള്ളൂ. എന്നും സുരക്ഷയോടുകൂടി നടക്കാനുള്ളൊരു സാഹചര്യം നാട്ടില്‍ രൂപപ്പെട്ടുവരണം'' -യാത്രയ്ക്ക് നേതൃത്വം നല്‍കിയ സക്കീന പറഞ്ഞു. യാഥാര്‍ഥ സ്ത്രീവിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. പലതും പ്രഹസനം മാത്രമാണ്. സ്ത്രീസുരക്ഷയെന്ന് പറയുന്നത് പറച്ചിലില്‍ ഒതുങ്ങേണ്ടതല്ല-യാത്രയില്‍ പങ്കെടുത്ത ബിന്ദു അമ്മിണി പറഞ്ഞു. ഒരുകൂട്ടം സ്ത്രീകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പട്രോളിങ് സംഘം ഇവരെ ഓരോ പോയന്റിലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
മിഠായിത്തെരുവില്‍നിന്ന് രണ്ടാംഗേറ്റ് കടന്ന് ബീച്ചിലേക്കായിരുന്നു യാത്ര. സംഘമായി നടക്കുന്നതിനാല്‍ ആദ്യം ഇവര്‍ക്ക് നേരെ തുറിച്ച്‌ നോട്ടങ്ങളോ അശ്ലീലപ്രയോഗങ്ങളോ ഉണ്ടായില്ല. ബീച്ചില്‍ നിന്നും ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങിയതോടെ രംഗം മാറി. സിനിമ-പരസ്യമേഖലയില്‍ ജോലിചെയ്യുന്ന സുഭിഷയ്ക്ക് നേരെ ബൈക്കിലെത്തിയ സംഘം അശ്ലീലച്ചുവയോടെ സംസാരിച്ചു. ചുട്ട മറുപടി ലഭിച്ചതോടെ ബൈക്കുകാര്‍ സ്ഥലം വിട്ടു. സൗത്ത് ബീച്ചിലെത്തിയ ബിന്ദു അമ്മിണിയെ രാത്രി 12.30-ഓടെ രണ്ട് ചെറുപ്പക്കാര്‍ വഴിതടഞ്ഞു. യാത്ര ഫെയ്‌സ്‌ബുക്കില്‍ ലൈവ് ഇട്ടത് ചോദ്യം ചെയ്ത് യുവാക്കള്‍ ബിന്ദുവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അവരെ അവഗണിച്ച്‌ ബിന്ദു അമ്മിണിയും സംഘവും മുന്നോട്ടു നടന്നു.
ഓരോ സ്ത്രീക്കും സധൈര്യം മുന്നോട്ട് നടക്കാനാവശ്യമായ സുരക്ഷ എന്നും ഭരണകൂടം ഒരുക്കണമെന്ന ആവശ്യത്തോടെ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.
യു.‍‌ടി.കെ. സീന, സപ്ന പരമേശ്വരന്‍, സിസിലി ജോര്‍ജ് തുടങ്ങിയവരും യാത്രാസംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments